2019-ൽ മൂന്നാം സ്ഥാനത്തായിരുന്ന ആന്റോയെ ഇത്തവണ രണ്ടായിരത്തി അഞ്ഞൂറോളം വോട്ടിന്റെ ഭൂരിപക്ഷം നൽകിയാണ് അടൂർ പിന്തുണച്ചത്. 2019-ലെ തിരഞ്ഞെടുപ്പിൽ അടൂരിൽ അപ്രതീക്ഷിതമായി ആന്റോ മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. എൽ.ഡി.എഫ്. സ്ഥാനാർഥി വീണാ ജോർജ് 53216 വോട്ട് നേടിയപ്പോൾ 51260 വോട്ട് നേടി എൻ.ഡി.എ.സ്ഥാനാർഥി കെ.സുരേന്ദ്രൻ രണ്ടാം സ്ഥാനത്തെത്തി. 49280 വോട്ടാണ് ആന്റോ നേടിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ നേട്ടം ആവർത്തിക്കുന്ന പ്രതീക്ഷയിലായിരുന്നു എൽ.ഡി.എഫ്. കഴിഞ്ഞതവണ രണ്ടാമത് എത്തിയ സ്ഥലത്ത് ഇത്തവണ ഒന്നാമതായി ഫിനിഷ് ചെയ്യാൻ സാധിക്കുമെന്നായിരുന്നു എൻ.ഡി.എയുടെ കണക്കുകൂട്ടൽ. എന്നാൽ ഇതെല്ലാം പാടെ തെറ്റിച്ചുകൊണ്ടാണ് യു.ഡി.എഫ്. 2019-ലെ പോരായ്മ പരിഹരിച്ചത്.
2009, 2014 തിരഞ്ഞെടുപ്പുകളിൽ ആന്റോ ആന്റണിക്ക് അടൂരിൽ ലീഡ് ലഭിച്ചെങ്കിലും മറ്റിടങ്ങളെ അപേക്ഷിച്ച് ശതമാനത്തിൽ കുറവായിരുന്നു.
രണ്ട് നഗരസഭകളും ഏഴ് ഗ്രാമപ്പഞ്ചായത്തുകളും ചേർന്നതാണ് അടൂർ നിയോജകമണ്ഡലം.
ജില്ലയിൽ യു.ഡി.എഫിന് ഏറെ അടിത്തറയുള്ള മണ്ഡലമായിരുന്നു. എന്നാൽ 2011 മുതലാണ് സ്ഥിതി മാറിത്തുടങ്ങിയത്. സംവരണ മണ്ഡലമായതുമുതൽ കോൺഗ്രസിന്റെ തട്ടകമായിരുന്നിടം എൽ.ഡി.എഫിലേക്ക് ചാഞ്ഞു. പിന്നീട് ഇങ്ങോട്ടുള്ള രണ്ട് തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ്.തന്നെയാണ് ജയിച്ചത്.
Third place last time. First this time. Anto recaptured the Adoor constituency.